ജാപ്പനീസ്, യൂറോപ്യൻ മാർക്കറ്റുകൾക്കായി 1981ൽ ആണ് സിറ്റി എന്ന കാറിന് ഹോണ്ട ജന്മം നൽകുന്നത്. ഹാച്ച്ബാക്ക് ആയി അവതരിച്ച സിറ്റി സെഡാൻ ആയി മാറുന്നത് 1996ൽ ആണ്. അപ്പോൾ തന്നെയാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതും. അന്നുമുതൽ ഈ സെഗ്‌മെന്റിൽ ഹോണ്ടക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 കമ്പനിയുടെ ഇന്ത്യയിലെ ജാതകം തിരുത്തിക്കുറിച്ച സിറ്റിയുടെ അഞ്ചാം തലമുറയാണ് ഈയടുത്ത് 2020 പതിപ്പായി ഹോണ്ട അവതരിപ്പിച്ചത്.

 ആസിയാൻ NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗും നേടി കരുത്തനായാണ് പുത്തൻ പുതിയ സിറ്റിയുടെ ആഗമനം.
ഇന്ത്യയിൽ നിലവിലുള്ള നാലാം തലമുറ സിറ്റിയുടെ BS6 വകഭേദം ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് പുറത്തിറങ്ങിയത് . അതിനാൽ തന്നെ ആ മോഡൽ പിൻവലിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. അതായത് പഴയ മോഡലിന്റെ കൂടെ തന്നെയാവും 2020 സിറ്റിയും വിൽപനക്ക് എന്ന് ചുരുക്കം.

പക്ഷെ സുപ്രധാനമായ അനേകം മാറ്റങ്ങൾ ഉള്ള പുതിയ മോഡൽ കുറച്ചുകൂടെ നവീനമാണ്. കാതലായ മാറ്റങ്ങൾ വണ്ടിയുടെ സൗന്ദര്യത്തിലും എഞ്ചിനിലും തന്നെയാണ്. പഴയ മോഡലിനെക്കാൾ കാര്യമായ, ആധുനികമായ ഡിസൈൻ അപ്പ്ഗ്രേഡ് 2020 സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. നീളവും വീതിയും മുമ്പത്തെതിനേക്കാൾ കൂടുതലാണ്, അത് സിറ്റിയെ ഈ സെഗ്‌മെന്റിലേ ഏറ്റവും വലിപ്പം കൂടിയ കാർ ആക്കുന്നു.

 വീതിയേറിയ ക്രോം സ്ട്രിപ്പ് അലങ്കരിക്കുന്ന ഫ്രണ്ട് ഗ്രില്ലിന് ഇരുവശവും ഒൻപത് എൽ.ഇ.ഡി ഘടിപ്പിച്ച ഹെഡ്ലാമ്പുകൾ. പുത്തൻ അലോയ് വീലുകൾക്ക് ചേർന്ന പോലെ കരുത്ത് തോന്നിക്കുന്ന വീൽ ആർച്ചുകൾ ആണ് നൽകിയിട്ടുള്ളത്.

ഷാർപ്പായ ബോഡി ലൈനാണ് വശങ്ങളിൽ ഉടനീളം. നല്ലപോലെ ഉടച്ചുവാർത്ത ടെയിൽലാംപ് വാഹനത്തിന്റെ മൊത്തത്തിലുള്ള അപ്പീൽ തന്നെ മാറ്റുന്നു. സ്റ്റൈലിങ് എലമെന്റുകൾ ശ്രദ്ദിക്കുമ്പോൾ മൂത്ത ജ്യേഷ്ഠന്മാരായ സിവിക് നെയോ അക്കോർഡ് നെയോ ഓർമ വന്നാൽ സ്വാഭാവികം.

2020 സിറ്റിയിൽ നൽകിയിട്ടുള്ള മാറ്റങ്ങൾ ഉൾവശത്തിലും കാണാം. മുൻപത്തെ മോഡലിനെക്കാൾ കനത്ത കുഷ്യൻ നൽകിയ സീറ്റുകൾ ആണ് പുത്തൻ സിറ്റിക്ക് ഉള്ളത്. 

പിറകിലെ സീറ്റിൽ മൂന്ന് യാത്രക്കാർക്കും ആവശ്യത്തിലധികം ലെഗ്റൂമും നീ റൂമും ഉണ്ട്, ചുരുക്കിപ്പറഞ്ഞാൽ നല്ല സ്ഥലസൗകര്യമുള്ള കാബിൻ തന്നെയാണ്. 

സ്റ്റിയറിങ് വീലിന് പിറകിലായി പുതിയ 7 ഇഞ്ച് TFT LCD പാനലിൽ ആണ് ഡിജിറ്റൽ കൺസോളുകൾ. മധ്യത്തിലുള്ള മെയിൻ 8ഇഞ്ച് ഇൻഫോടയിൻമെന്റ് യൂണിറ്റും പരിഷ്കരിച്ചിട്ടുണ്ട്. 

സുരക്ഷയുടെ കാര്യത്തിലും ഹോണ്ട വിട്ടുവീഴ്ച കാണിച്ചില്ല, സെഗ്‌മെന്റിൽ ആദ്യമായി ലെഫ്റ്റ് റിയർവ്യൂ മിററിന് കീഴിലായി ലൈൻ കീപ്പ് കാമറ സ്ഥിതി ചെയ്യുന്നു, വാഹനം റോഡിൽ നിന്നിറങ്ങിയലോ, റോഡിലെ ലൈൻ തെറ്റിച്ചാലോ, ഇൻഡിക്കേറ്റർ ഇടുമ്പോഴോ എൻഗേജ് ആയി ആവശ്യമായ വാർണിങ് നൽകിക്കോളും. 

പോരാതെ ആറ് എയർബാഗുകൾ, ABS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്‌, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്‌ മുതലായ നൂതന ഫീച്ചറുകളും ഉണ്ട്. സെഗ്‌മെന്റിൽ ആദ്യമായി 'വോക്ക് എവേയ് ഓട്ടോ ലോക്ക്' സംവിധാനമാണ് സിറ്റിയിൽ. താക്കോലുമായി നടന്നുനീങ്ങിയാൽ തനിയെ കാർ ലോക്കായിക്കോളും.1.5 ലിറ്റർ i-VTEC പെട്രോൾ എൻജിനും, 1.5 i-DTEC ഡീസൽ എൻജിനും ആണ് 2020 സിറ്റിക്ക്. ഡീസലിൽ സിക്സ്-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ നൽകുമ്പോൾ പെട്രോൾ മോഡലിൽ ഓട്ടോമാറ്റിക് CVT ഗിയർ ട്രാൻസ്മിഷൻ കൂടെ ലഭ്യമാണ്.

 ഡീസൽ സിറ്റി 24.1 km മൈലേജ് നൽകുമ്പോൾ പെട്രോൾ മോഡലുകളായ മാനുവലിനും ഓട്ടോമാറ്റിക്കിനും മൈലേജ് യഥാക്രമം 18.4ഉം 17.8ഉം ആണ്. 10.89 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന ഹോണ്ട സിറ്റിക്ക് വിപണിയിൽ പ്രധാനമായും മത്സരം നേരിടേണ്ടിവരിക 2020 മോഡൽ ഹ്യുണ്ടായ് വെർണയിൽ നിന്നും സുസുക്കി സിയാസിൽ നിന്നുമായിരിക്കും.

SyamMohan
@teamkeesa