അരുവിക്കുഴി വെള്ളച്ചാട്ടം.
സാഹസിക പ്രിയരായ സഞ്ചാരികൾക്ക് കാഴ്ചയുടെയും ജലത്തിന്റെയും വസന്തമൊരുക്കി കാത്തിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടം.കോഴഞ്ചേരിയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം.


പേര് പോലെ തന്നെ  അരുവിയിൽ ഉണ്ടായിട്ടുള്ള ഒരു വെള്ളച്ചാട്ടം.ചെറിയൊരു കുഴിയിലേക്ക് ഒരു അരുവിയിലെ വെള്ളം അതി സുന്ദരമായി വന്നു വീഴുന്ന കാഴ്ചയാണ് അരുവിക്കുഴി വെള്ളച്ചാട്ടം.
കോട്ടയം ജില്ലയിലും ഒരു അരുവിക്കുഴി വെള്ളച്ചാട്ടം ഉണ്ട്.ഗൂഗിളിൽ തപ്പുമ്പോൾ ഒന്ന് ശ്രദ്ധിക്കണം.

സാഹസികത അല്പം കൂടിയവർക്ക് വരാൻ പറ്റിയ കിടിലൻ സ്ഥലം തന്നെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം.കുട്ടികൾക്കും പ്രായമുള്ളവർക്കും ഈ കുഴിയിലേക്ക് ഇറങ്ങാൻ ചെറിയ ബുദ്ധിമുട്ടുണ്ട്.അത് കൊണ്ട് തന്നെ അവർ വന്നാലും ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു കരയ്ക്ക് ഇരിക്കേണ്ടി വരും.പിന്നെ മഴക്കാലത്തു വളരെ ശ്രദ്ധയോടെ വേണം ഇവിടെ ഇറങ്ങുവാൻ.പാറക്കെട്ടുകൾ തെന്നി തെറിച്ചു ആയിരിക്കും കിടക്കുന്നത്.അധികമാരും അറിയാതെ കിടക്കുന്ന ഈ വെള്ളച്ചാട്ടം അതിന്റെ തനിമയോടെ തന്നെ സഞ്ചാരികളെയും കാത്തു ഇരിക്കുന്നു.മഴക്കാലങ്ങളിൽ ഈ വെള്ളച്ചാട്ടം നന്നായി ശക്തി പ്രാപിക്കും.100 അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ നല്ലൊരു കാഴ്ച റോഡിൽ നിന്ന് തന്നെ ലഭിക്കും.