"വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ് ഈ ലോകത്തെ ആധ്യാത്മികസംസ്കാരത്തിന് ആദിയോഗിയുടെ സംഭാവനകളിലൊന്ന്"

ആത്‌മീയ ആചാര്യനായ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ സംഘടനയാണ് ഈഷ ഫൗണ്ടേഷൻ. കോയമ്പത്തൂർ ജില്ലയിലെ വെള്ളിയങ്കിരി മലയുടെ താഴ്വരത്തിലാണ് ഈഷ യോഗ സെന്റർ എന്ന സദ്ഗുരുവിന്റെ ആശ്രമവും, ആദിയോഗി പ്രതിമയും സ്ഥിതിചെയ്യുന്നത്. 

വിനോദസഞ്ചാരത്തിന്റെയും ആത്മീയതയുടെയും ഇന്ത്യയിലെ ഏറ്റവും വലിയ ആകർഷണകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. ആശ്രമത്തിലെ ഓരോ മുക്കും മൂലയും അത്രയും പ്ലാനോടും ശ്രദ്ധയോടും കൂടെയാണ് നിർമിച്ചിട്ടുള്ളത്. 

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് കോയമ്പത്തൂരിലെ ഈ ഈഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്.

 ആദിയോഗി പ്രതിമ എന്നാണു ഇത് അറിയപ്പെടുന്നത്. 34.24 മീറ്റർ ഉയരവും (112അടി) 44.9 മീറ്റർ നീളവും , 24.99 മീറ്റർ വീതിയുമുണ്ട് കാസ്റ്റ് അയൺ കൊണ്ട് നിർമിച്ച ഈ  പ്രതിമക്ക്. 112 അടി ഉയരം സൂചിപ്പിക്കുന്നത് മോക്ഷത്തിനായുള്ള 112 മാർഗ്ഗങ്ങളെയും മനുഷ്യശരീരത്തിലെ 112 ചക്രങ്ങളെയും ആണ്.

 പ്രതിമക്ക് ചുറ്റും ശൂലം കൊണ്ട് നിർമ്മിച്ച അതിരുകൾ. ആകാശം മുട്ടെ നില്ക്കുന്ന ഈ ശിവ ഭഗവാന്റെ പ്രതിമയുടെ  പ്രത്യേകത എന്തെന്നാൽ ചെറുപുഞ്ചിരിയോടെ പകുതി കണ്ണടച്ച് ധൃാനത്തില് ഇരിക്കുന്ന യുവാവായ ഭഗവാനായേ നമുക്ക് തോന്നൂ. അത്രയ്ക്ക് ശാന്തഭാവം ആണ് ഈ പ്രതിമയ്ക്ക്. 2017 ഫെബ്രുവരിയിൽ ആണ് ഇത് അനാവരണം ചെയ്തത്.

ശിവഭഗവാൻ തപസ്സു ചെയ്തു എന്നു വിശ്വസിക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഈഷയുടെ ലക്ഷ്യം. 

ഇവിടത്തെ ധ്യാനലിംഗം എന്ന യോഗക്ഷേത്രം 1999 മുതൽ പ്രവർത്തിച്ചുവരുന്നു. അതിനുള്ളിൽ ലഭിക്കുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാനാവാത്തതാണ്. എല്ലാ മതക്കാർക്കും ഉള്ള ഒരു ധ്യാനസ്ഥലമാണ് ഇവിടം. അർധഗോളാകൃതിയിൽ മണ്ണുപയോഗിച്ച് നിർമിച്ച ഒരു മകുടം, അതിനുള്ളിൽ പതിനൊന്ന് അടിയോളം ഉയരമുള്ള കറുത്ത ശിവലിംഗം. 

ഇതിന്റെ പ്രവേശനകവാടത്തിനടുത്ത് സർവമതസ്തംഭം സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്തു, സിക്ക്, ജൈന, താവോ, സൗരാഷ്ട്ര, ജൂത, ബുദ്ധ, ഷിന്റോ മതങ്ങളുടെ ശില്പങ്ങളും അടയാളങ്ങളും അതിൽ കാണാം.

സൂര്യകുണ്ട്, ചന്ദ്രകുണ്ട് എന്നീ പേരുകളിലുള്ള രണ്ട് കുളങ്ങൾ ഇതിനടുത്തായുണ്ട്. ടിക്കറ്റ് എടുത്ത് അവർ നൽകുന്ന വസ്ത്രം ധരിച്ച് ഇവിടേക്ക് ഇറങ്ങാവുന്നതാണ്. പലതരം ശില്പങ്ങളാലും മ്യൂറൽ പെയിന്റിങ്ങുകളാലും അലങ്കരിതമാണ് ഇവിടം.

 അന്തരീക്ഷം മുഴുവൻ കർപ്പൂരത്തിന്റെയും മറ്റ് സുഗന്ധദ്രവ്യങ്ങളുടെയും മണം. അവർ ഇവിടം വളരെ വൃത്തിയായി സൂക്ഷിക്കുന്നു.  

പ്രതിമയുടെ ഭാഗത്ത് നിന്നും യോഗസ്ഥാനത്തേക്ക് നടന്നോ, കാളവണ്ടിയിലോ പോകാവുന്നതാണ്. വിദേശികൾ അടങ്ങുന്ന അനവധി വോളന്റിയർമാരുടെ നിയന്ത്രണത്തിലാണ് ആശ്രമം മുഴുവനും. എല്ലാരോടുമുള്ള അവരുടെ ആകർഷകമായ പെരുമാറ്റം പ്രശംസനീയമാണ്.

കോയമ്പത്തൂർ നഗരതിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഈഷ യോഗാ സെന്റർ.
 കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ വേണം ചെല്ലാൻ. പാലക്കാട് നിന്നും പോകുമ്പോൾ മധുക്കര കഴിഞ്ഞ് കോവൈപുതൂരിൽ നിന്നും പേരൂർ, ശിരുവാണി വഴി. ആ വഴിയിലേ കാഴ്ചകളും അതിമനോഹരമാണ്.

 വല്ലാത്തൊരു ഫീലോടെ ഡ്രൈവ് ചെയ്ത് പോകാനാവും. ഇവിടന്ന് അല്പം കൂടെ പോവുകയാണെങ്കിൽ ശിരുവാണി ഡാമും, കോവൈ കുറ്റ്രാലം വെള്ളച്ചാട്ടവും കണ്ടുമടങ്ങാം.

മനസിലെ ടെൻഷനുകൾക്ക് ഒരിത്തിരി ശമനവും, കുറെ പോസിറ്റീവ് എനർജിയും ലഭിക്കുമെങ്കിൽ, എന്തിന് നാമിവിടെ ചെല്ലാൻ മടിക്കണം? :)SyamMohan
@teamkeesa