ബ്രിട്ടീഷുകാരുടെ ഭരണകാലത്തു തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ ജനങ്ങൾക്കായി തുറന്നു കൊടുത്ത ഈ പാലം ആലുവയിൽ പെരിയാറിനു കുറുകെയാണ് സ്ഥിതി ചെയ്യുന്നത്.1940 ജൂൺ 14 നു ഉദ്ഗാടനം ചെയ്യപ്പെട്ട ഈ പാലം തിരുവിതാംകൂർ നാട്ടുരാജ്യമാണ് പണികഴിപ്പിച്ചത് എന്ന് ശിലാഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട വലിയ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിലാക്കി ഷോക്ക് അബ്‌സോർബിങ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.മൂന്നു വര്ഷം കൊണ്ടാണ് 5 .5 മീറ്റർ വീതിയുള്ള ഈ പാലം ജെ ബി ഗാമൺ ആൻഡ് കമ്പനി കരാറേറ്റെടുത്തു പൂർത്തിയാക്കിയത്.ചീഫ് എൻജിനീയര്മാരായിരുന്ന ജി ബി എസ് ട്രാസ്‌കോട്ടും ,എം എസ് ദുരൈ സ്വാമിയും പാലം പണിയുടെ  മേൽനോട്ടം നിർവഹിച്ചു.

മൂന്നു ആർച്ചുകളിൽ ആണ് ഈ പാലം പണി തീർത്തത്.അത് കൊണ്ടുതന്നെ പെരിയാറിന്റെ സ്വഭാവിക ഒഴുക്കിനു തടസ്സമൊന്നും നേരിട്ടില്ല.
പിന്നീട് ഈ പാലം ദേശീയപാത 47 ന്റെ ഭാഗമായതോടു കൂടെ പാലത്തിൽ തിരക്ക് ഏറി.ഇതോടെ സമാന്തരമായി പുതിയ പാലം എന്ന ആശയം ഉണ്ടായി.2002 ജൂൺ 22 പണി കഴിപ്പിക്കപ്പെട്ട ഈ പാലത്തിന്റെ രൂപവും ഘടനയും പഴയ പാലം പോലെ തന്നെ ആയിരുന്നു.

പഴയ പാലത്തിന്റെ പ്രൗഢിക്കും ഗാംഭീര്യത്തിനും ഇണങ്ങുന്ന പുതിയ പാലത്തിനു 8 കോടി രൂപയോളമായിരുന്നു ചെലവ്.പഴയ പാലത്തിനാവട്ടെ 8 ലക്ഷം രൂപയും.


പഴയ പാലത്തിനേനേക്കാൾ ഉയർന്നതും വീതിയുള്ളതുമാണ് പുതിയ പാലത്തിന്റെ ആർച്ചുകൾ.ആകയുള്ള 12 .56 മീറ്റർ വീതിയിൽ 1 .5 മീറ്റർ നടപ്പാതയ്ക്കുവേണ്ടി മാറ്റിവെച്ചു.രാജഭരണത്തിന്റെയും ഇംഗ്ലീഷ് സാങ്കേതികവിദ്യയുടെയും സംയോജിത രൂപമാണ് മാർത്താണ്ഡവർമ പാലം.

ഇതിലൂടെ യാത്ര ചെയ്യുന്നവർക്ക് തങ്ങൾ ഒരു രാജകീയ പാതയിലൂടെയാണ് പോകുന്നത് എന്ന ചിന്ത ഉളവാക്കുന്ന പാലം.വിശാലമായ പെരിയാർ,മാർത്താണ്ഡവർമ പാലം..മനുഷ്യൻ ഇങ്ങനെയാണ്..നടക്കാത്ത കാര്യങ്ങൾ പോലും സ്വപ്നം കണ്ടാൽ നടപ്പിലാക്കിക്കളയും..