ശ്രീ പി.പദ്മരാജന്റെ പ്രസിദ്ധമായ നോവൽ 'ഉദകപ്പോള'യുടെ സിനിമ അനുരൂപീകരണം ആണ് 'തൂവാനത്തുമ്പികൾ'.
മോഹൻലാൽ പാർവ്വതി സുമലത തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന ജയകൃഷ്ണൻ എന്ന വ്യക്തിയുടെ രണ്ടു വ്യത്യസ്തങ്ങളായ പ്രണയ ജീവിതങ്ങളിലൂടെ യാണ് കഥ തുടർന്നു പോവുന്നത്.
ഒരു വശത്ത് ഏതൊരു ആണിന്റെയും ഭാര്യാ സങ്കല്പമായ രാധ എന്ന ഒരു നാട്ടിൻപുറത്തുകാരി, മറു വശത്ത് തന്റെ സാഹചര്യങ്ങൾ കൊണ്ട് പരപുരുഷ ബന്ധത്തിന് വഴങ്ങേണ്ടി വന്ന ഒരു സാധു പെൺകുട്ടി ക്ലാര. 

thoovanathumbikal

ഈ ചിത്രത്തിൽ ഉടനീളം ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയ രംഗങ്ങൾക്കാണ് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്.
രാധയും ജയകൃഷ്ണനുമായുള്ള പ്രണയ ബന്ധം ചിത്രത്തിൽ പരാമർശിക്കുന്നുണ്ടെകിലും ജയകൃഷ്ണന്റെയും ക്ലാരയുടെയും ബന്ധതിന്റെ ആഴമാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നത്. ജയകൃഷ്ണൻ ക്ലാര എന്നീ പ്രണയജോഡികളെ പ്രേക്ഷക മനസ്സിൽ അരക്കിട്ടുറപ്പിച്ചിരിക്കുന്നത് ജോൺസൺ മാഷിന്റെ സംഗീതവും, അവരുടെ കണ്ടുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഇട തോരാതെ പെയ്യുന്ന മഴയുമാണ്. 

ആരും കൊതിച്ചുപോകുന്ന ഒരു പ്രണയ ബന്ധമായിട്ടാണ് ജയകൃഷ്ണന്റെയും ക്ലാരയുടെയും ബന്ധതെ ചിത്രത്തിൽ കാണിക്കുന്നത്.
എന്നാൽ ചിത്രത്തിന്റെ ഒടുവിൽ ജയകൃഷ്‌ണൻ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നത് രാധയെ ആണ്.
പരപുരുഷ ബന്ധം ഉണ്ടായതു കൊണ്ടാണ് ക്ലാരയെ ജയകൃഷ്ണൻ തിരസ്കരിക്കുന്നത്.
പക്ഷെ, മറ്റൊരു പെണ്ണുമായി താൻ ബദ്ധം പുലർത്തിയിരുന്നു എന്ന് ഏറ്റുപറഞ്ഞതിന് ശേഷവും രാധ തന്റെ ജീവിതത്തിലേക്ക് ജയകൃഷ്‌ണനെ സന്തോഷപൂർവം സ്വാഗതം ചെയുന്നുണ്ട്. 

ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയ ബന്ധത്തിന് എത്ര തന്നെ ആഴം ഉണ്ടെങ്കിലും പരപുരുഷ ബന്ധമുള്ള പെണ്ണിനെ വിവഹം ചെയ്യാൻ അയാൾ തയ്യാറാവുന്നില്ല.
അവളെ തിരസ്കരിക്കുന്നതിന് കാരണമായി ജയകൃഷ്ണൻ പറയുന്ന കാരണവും അത് തന്നെ.. 
എങ്കിലും ക്ലാരയുമായി ബന്ധം പുലർത്തിയിരുന്ന ജയകൃഷ്ണനെ അംഗീകരിക്കാൻ രാധ ഒരു മടിയും കാണിക്കുന്നില്ല. 

സമൂഹത്തിൽ എന്നും പുരുഷന്മാരുടെ പരസ്ത്രീ ബന്ധങ്ങളെ വളരെ നിസാരമായിട്ടാണ് കാണുന്നത്. എന്നാൽ ഒരു പുരുഷനുമായി ബന്ധം പുലർത്തുന്ന സ്ത്രീയെ 'പിഴച്ചവൾ' എന്ന മുദ്രകുത്തുകയും ചെയ്യുന്നു.
ഈ ചിത്രത്തിലെ രാധയെ പോലെ പുരുഷന്റെ എല്ലാ കുറ്റകളും കുറവുകളും സഹിക്കേണ്ടൊരാളായിട്ടാണ് സമൂഹം സ്ത്രീയെ കാണുന്നത്.
ഇന്നും അങ്ങനെ തന്നെ. 

തന്റെ സന്തോഷങ്ങളേക്കാൾ അവൾ തന്റെ ഉറ്റവരുടെയും ഉടയവരുടെയും ആഗ്രഹങ്ങൾക്ക് പ്രധാന്യം കൊടുക്കണമെന്നും, സ്ത്രീ എന്നും ത്യാഗത്തിന്റെ സ്വരൂപം ആവണം എന്നുമാണ് സമൂഹം ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും.

ഈ സിനിമയിൽ അധികം ശ്രദ്ധ പിടിച്ചുപറ്റാത്ത ഒരു കഥാപാത്രം ഉണ്ട്.
ക്ലാര ഒരു വേശ്യ ആണ് എന്ന അറിവോടുകൂടി തന്നെ അവളെ തന്റെ ജീവിതപങ്കാളി ആയി സ്വീകരിച്ച ഒരാൾ. 

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ചിത്രത്തിൽ വളരെ തുച്ഛസമയം മാത്രമേ ഉള്ളൂ എങ്കിലു പരപുരുഷ ബന്ധമുള്ള കാരണം കൊണ്ട് മാത്രം താൻ ജീവനു തുല്ല്യം പ്രണയിച്ച പെണ്ണിനെ ഉപേക്ഷിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രത്തേക്കാൾ 'നായകൻ' എന്ന നാമത്തിന് അനുയോജ്യമായ കഥാപാത്രം അദ്ദേഹത്തിന്റേതാണ്.

ആൺ വർഗ്ഗത്തിന് വിവാഹത്തിന് മുൻപും പിൻപും എല്ലാം പരസ്ത്രീ ബന്ധമായാലും കുഴപ്പമില്ല എന്നാൽ അവൻ കല്ല്യാണം കഴിക്കുന്ന പെൺകുട്ടി ചിത്രത്തിലെ രാധ യെ പോലെ വിശുദ്ധയായിരിക്കണം എന്ന എക്കാലത്തെയും സമൂഹത്തിന്റെ വിശ്വാസത്തെ ഈ ചിത്രത്തിന്റെ അവസാനത്തിൽ പ്രതിധ്വനിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. 

'തൂവാനത്തുമ്പികൾ, ' എന്ന ഈ ചിത്രം 1980s കാലഘട്ടങ്ങളിൽ ഒരു വിവാദം ആയ ആശയമാണെകിലും ഒടുവിൽ എല്ലാ സിനിമകളും അവസാനിക്കുന്ന പോലെ പറഞ്ഞു പഴകി വിരസമായിത്തീർന്ന ശൈലിയിലാണ് ഈ സിനിമയും അവസാനിക്കുന്നത്.
വേറെ ഒരു പുരുഷനുമായി ബന്ധം ഉണ്ടായിരുന്ന സ്ത്രീയെ തന്റെ ജീവിതപങ്കാളിയായി അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളവരാണ് ഭൂരിഭാഗം പുരുഷന്മാരും എന്നുള്ളതിൽ തർക്കമില്ല. തന്റെ പ്രതിബിംബം മാത്രം ഹൃദയത്തിൽ കൊണ്ടു നടക്കുന്ന രാധയെ പോലെ ഒരു വിശുദ്ധയും പതിവ്രതയുമായ ഒരു സ്ത്രീയാണ് മിക്കവാറും എല്ലാ പുരുഷന്മാരുടെയും ഭാര്യാ സങ്കല്പം.
എന്നാൽ എല്ലാ പുരുഷന്മാരും അങ്ങനെ അല്ല താനും.. അതിനുദാഹരണമാണ് ക്ലാരയുടെ ഭർത്താവിന്റെ കഥാപാത്രം.
ക്ലാര ഒരു വേശ്യ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹം അവളെ സ്വീകരിക്കുകയും ജീവനു തുല്ല്യം സ്നേഹിക്കുകയും ചെയ്യുന്നു.. 

കൂടാതെ,ക്ലാര തന്റെ ജീവിതത്തിൽ അത്രമേൽ സ്നേഹിച്ചിരുന്ന തന്റെ കാമുകനായിരുന്ന ജയകൃഷ്ണനുമായി കണ്ടുമുട്ടുന്ന ചിത്രത്തിന്റെ അവസാന രംഗത്ത്.. അദ്ദേഹം അവർക്ക് ഒറ്റക്ക് സംസാരിക്കാൻ ഉണ്ടാവുമെന്ന തിരിച്ചറിവോടെ രംഗം ഒഴിയുന്നത് കാണാം. അവളുടെ സ്നേഹത്തിനും വ്യക്തിത്വത്തിനും അദ്ദേഹം എത്രത്തോളം വില കല്പിക്കുന്നുണ്ട് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.. 

ഒരു പക്ഷെ ജയകൃഷ്ണനെ പോലെ ക്ലാരക്ക് അദ്ദേഹത്തെ ഒരിക്കലും അത്രമേൽ സ്നേഹിക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും അദ്ദേഹം അവളെ നിറഞ്ഞ മനസ്സോടുകൂടി തന്നെയാണ് സ്നേഹിക്കുന്നത്.
ഇത്തരം തുറന്ന ചിന്താഗതികൾ ഉള്ള പുരുഷന്മാരെ സമൂഹം ഒറ്റപ്പെടുത്തുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നപോലെ ഈ സിനിമയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ക്ലാരയെ പോലെ തന്റെ മനസ്സും ശരീരവും നൽകി അത്രമേൽ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരു സ്ത്രീ എന്തു കൊണ്ടും ജയകൃഷ്ണനെകാൾ അദ്ദേഹത്തെയാണ് അർഹിക്കുന്നത്.
തന്നെ ആരൊക്കെ വേശ്യ ആയി കണ്ടാലും അപമാനിച്ചാൽലും ഒരു ആണിന്റെ കീഴിൽ തനിക്ക് ഒരു അടിമയെ പോലെ ജീവിക്കാൻ കഴിയില്ല എന്ന് അവൾ ജയകൃഷ്‌ണനോട് പറയുന്ന രംഗം അത് ക്ലാരയുടെ ആത്മാഭിമാനത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉദാഹരണമാണ്. 

ക്ലാരയെപോലെ തന്റെ ആത്മാഭിമാനം ആർക്കു മുന്നിലും അടിയറവു വെക്കാതെ സ്ത്രീകൾ തന്നെയാണ് സമൂഹത്തിനെ മുന്നോട്ട് നയിക്കുന്നത്. തന്റെ ഭർത്താവിന്റെയും അവരുടെ കുടുംബത്തെയും മാത്രം ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾ അടുക്കളയിൽ നിന്നും അരംഗത്തേക് വരുവാനും, തന്റെ ആത്മാഭിമാനം വിട്ട് ആരുടെ മുന്നിലും തലകുനിക്കാൻ തയാറാവാതെ തനിക്കായിക്കൊണ്ട് ജീവിക്കാൻ ക്ലാര എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം ഒരു പ്രചോദനമാണ്. സ്വന്തം ജീവിതം തന്റെതായ രീതിൽ ജീവിക്കാനാണല്ലോ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്.

thoovanathumbikalഎന്നാൽ ഈ സമൂഹം അതിനു ഇന്നും സമ്മതിക്കില്ല എന്നുള്ളതാണ് സത്യം.. സമൂഹത്തിനെ പേടിച്ചിട്ടോ അതോ അത്രയും കാലം ജീവനു തുല്ല്യമായിരുന്നവൾ വേശ്യ ആയിരുന്നു എന്നത് പിന്നീട് അലട്ടിയത് കൊണ്ടോ ജയകൃഷ്ണൻ സ്നേഹത്തിനേക്കാൾ അവളുടെ ചാരിത്ര്യത്തിന് മുൻ‌തൂക്കം നൽകി.. എന്നാൽ ഇതിൽ നിന്നും വിപരീതമായി സ്നേഹത്തിനു മുൻ‌തൂകം നൽകി ജയകൃഷ്ണനെ വരിച്ച രാധയും, ക്ലാരയെ അവളെന്ന വ്യക്തിയെ സ്നേഹിച്ചു കല്ല്യാണം കഴിച്ച ആ വ്യക്തിയുമാണ് ചിത്രത്തിന്റെ യഥാർത്ഥ നായിക നായകന്മാർ എന്ന് പറയേണ്ടി വരും.. 

ക്ലാര വേശ്യയാണ് എന്ന് മുദ്രകുത്തപ്പെട്ടു അപ്പോൾ ജയകൃഷ്ണനോ? വേശ്യ എന്ന പദത്തിന് പുല്ലിംഗം തന്നെ ഇല്ലാ എന്നുള്ളതിൽ തന്നെ സമൂഹത്തിന്റെ കാഴ്ചപ്പാടിലെ വിവേചനം കാണുവാൻ സാധിക്കും.
ലൈംഗികത എന്നുള്ളതും ശരീരത്തിന്റെ മറ്റേതൊരു കാര്യവും പോലെ സാധാരണമായൊരു പ്രവർത്തനം തന്നെയാണ്.. എന്നാൽ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ ചാരിത്ര്യമാണ് എന്നുള്ള വാദങ്ങളുടെ പിറവി പുരുഷനിൽ നിന്നുമാണ്.
പുരുഷൻ മറ്റനേകം സ്ത്രീകൾക്കൊപ്പം കിടന്നാൽ അത് അഭിമാനവും, സ്ത്രീക്ക് മറ്റൊരു പുരുഷന്റെ കൂടെയുള്ള സംസാരം പോലും അപമാനവും ആകുന്ന പൊതുബോധങ്ങളുടെ നിലവാരത്തിലാണ് സമൂഹം പല ആണ്ടുകളായി കടന്നുപോയികൊണ്ടിരിക്കുന്നത്.. പ്രണയം നടിച്ചു ചതിക്കപ്പെട്ടതിന്റെ പേരിൽ അടുത്തിടെ നടന്ന ആത്മഹത്യയോട്‌ ചേർന്ന് പോലും ഉയർന്നു വന്ന വാദഗതികളിൽ പെൺകുട്ടിയുടെ ജീവിത രീതികളെകുറിച്ചാണ് ആശങ്കകൾ ഉയർന്നത്.എന്നാൽ അത്തരമൊരു സാഹചര്യം സൃഷ്‌ടിച്ച പുരുഷനെക്കുറിച്ചു ആരും ചർച്ച  ചെയ്യുന്നത് പോലുമില്ല എന്നത് ആശങ്കകൾ ഉയർത്തുന്നതാണ്.
തൂവാനത്തുമ്പികൾ ഇറങ്ങിയ കാലഘട്ടം കൂടെ വിലയിരുത്തിയാൽ പുരുഷകേന്ദ്രീകൃതമായ ലൈംഗികതയുടെ സാമൂഹികമാനങ്ങളിലേക്ക് കൂടെയാണ് സിനിമ വിരൽ ചൂണ്ടുന്നത്.

തയ്യാറാക്കിയത് ;ശ്രുതി ടി പങ്കജ് 
photo credits ;twitter/filmymonks