പ്രകൃതി സ്നേഹികളായ യാത്രക്കാർക്ക് കോവിഡിന് ശേഷം യാത്ര ചെയ്യാനാകുന്ന മികച്ച ഇടമാണ് കബനി വനങ്ങളുടെ ഭാഗമായ നാഗര്‍ഹോളെ.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സ്വപ്നഭൂമി.കബനി നദിയുടെ തീരങ്ങളിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജൈവസമ്പത് കുടികൊള്ളുന്നത്.കരിമ്പുലികളുടെയും കടുവകളുടെയും ആനക്കൂട്ടത്തിന്റെയും ചിത്രങ്ങൾ പകർത്താൻ കിട്ടും എന്നതാണ് നഗർഹോളയുടെ ആകർഷണങ്ങളിൽ ഒന്ന്.

നാഗര്‍ഹോളെയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസില്‍ കുറച്ചെങ്കിലും പ്രകൃതിസ്‌നേഹം നിറച്ചിരിക്കണം. അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് മാത്രമേ ഈ യാത്ര ഇഷ്ടപ്പെടുകയുള്ളു. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നഗർഹൊളെ സന്ദർശിച്ചാൽ നല്ല കിടിലൻ ആനകളെ അടുത്ത് നിന്ന് കാണാം. കാരണം ആനകൾ കൂട്ടമായി കബനി നദിയിൽ വെള്ളം കുടിക്കാൻ കാടിറങ്ങി വരുന്നത് ഈ മാസങ്ങളിൽ ആണ് കൂടുതൽ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പോയാൽ നല്ല സുന്ദരനായ കാലാവസ്ഥ ആസ്വദിക്കാം.


പച്ചപ്പ് നിറഞ്ഞ പ്രകൃതിയും വെള്ളച്ചാട്ടങ്ങളും ധാരാളമുള്ള ഈ വന്യജീവി സങ്കേതം മികച്ച അനുഭവങ്ങളായിരിക്കും സഞ്ചാരികൾക്ക് നൽകുന്നത്.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഈ വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജീപ്പുകളില്‍ വനയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ 6 മുതല്‍ ഒന്‍പത് മണിവരേയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് മണി വരേയുമുള്ള സമയത്ത് യാത്ര പോകാം. ഇവിടെ സന്ദര്‍ശിക്കാന്‍ പ്രത്യേകം ഫീസ് അടയ്ക്കണം.

എത്ര കണ്ടാലും മതിവരാത്ത കബനി കാഴ്ചകള്‍ ആസ്വദിച്ച് മനംനിറക്കാനുള്ള മറ്റൊരു അവസരമാണ് ജീപ്പ് സവാരി കബനിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്.

കാടിലൂടെയുള്ള ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ്, പക്ഷിനിരീക്ഷണം, ക്യാംപ് ഫയര്‍ എന്നിങ്ങനെ പോകുന്നു കബനിയിലെ വിനോദസാധ്യതകള്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന പ്രകൃതിദത്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കബനി. കര്‍ണാടകത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു മസ്റ്റ് വാച്ച് ആണ് കബനി, പ്രകൃതിസ്‌നേഹികള്‍ നഷ്ടപ്പെടുത്തരുതാത്ത ഒരിടം.

മൈസൂരില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹുന്‍സൂര്‍ വഴിയാണ് നാഗര്‍ഹോളയില്‍ എത്തിച്ചേരേണ്ടത്. ഹുന്‍സൂരില്‍ നിന്ന് 45 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടേയ്ക്ക്. വീരണഹൊസഹള്ളി എന്ന സ്ഥലത്താണ് നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിലേക്കുള്ള പ്രധാന പ്രവേശന കവാടം. മാനന്തവാടിയില്‍ നിന്ന് കുട്ടവഴി യാത്ര ചെയ്ത് വേണം നാഗര്‍ഹോളയില്‍ എത്തിച്ചേരാം.മൈസൂരില്‍ നിന്ന് യാത്ര പോകുമ്പോള്‍ ഏകദേശം 95 കിലോമീറ്റര്‍ യാത്ര ചെയ്യണം. യാത്ര മാനന്തവാടിയില്‍ നിന്നാണെങ്കില്‍ ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ചുരുക്കി പറഞ്ഞാല്‍ വയനാട് സന്ദര്‍ശിക്കുന്നവര്‍ക്കും, മൈസൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റിയ സ്ഥലമാണ് നാഗര്‍ഹോളെ.

രാജീവ് ഗാന്ധി കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും,നഗർഹോള നാഷണൽ പാർക്കിന്റെയും ഭാഗമാണ് ഈ കാടുകൾ.റഷ്യയിലെ പ്രഭുക്കന്മാരുടെയും ബ്രിടീഷ് ഇന്ത്യയിലെ വൈസ്രോയ് മാരുടെയും വേട്ട നടന്നിരുന്ന കാടുകളായിരുന്നു ഇത്.

കരിമ്പുലിയും (black panther) കടുവയും ഒരുമിച്ചു നിൽക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ചിത്രം പിറവിയെടുത്തത് ഈ കാടുകളിൽ നിന്നാണ്.