" ചില യാത്രകൾ അങ്ങനാണ്! നിർവചിക്കാൻ കഴിയാത്തവിധം കാഴ്ച്ചകൾ നമുക്ക് മുന്നിൽ കാണിച്ചു തരും "....

" കൺമൂടവെയുള്ള കോടമഞ്ഞിനെ ചികഞ്ഞുമാറ്റി

പച്ചപുൽമേടുകൾ നിറഞ്ഞ ആ മലമടക്കുകളിൽ  നിമിഷനേരത്തിൽ മാറിമറയുന്ന വെയിലും, മഴയും, കോടമഞ്ഞും ഇണചേരുന്ന കാഴ്ച്ച പ്രകൃതിയേയും, യാത്രകളേയും സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട  കാഴ്ച്ചതന്നെയാണെന്നതിൽ തെല്ലും സംശയമില്ല "

കാറ്റാടികടവ്,ഇടുക്കിയിലെ മനോഹരമായ വ്യൂ പോയിന്റാണ് കാറ്റാടികടവ്.സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന അപൂർവം ഇടങ്ങളിൽ ഒന്ന്.

വണ്ണപ്പുറത്ത് നിന്നും 8 കിലോമീറ്റർ ദൂരം ഉണ്ട്  കാറ്റാടികടവിലേക്ക്. ഒരുപാട് വ്യൂ പോയി പോയിന്റുകളുള്ള വഴിയാണിത്. റോഡിൽ ബൈക്ക് വെച്ച് ഒരു കിലോമീറ്റർ മുകളിലേക്ക് നടക്കാനുണ്ട്. ആദ്യത്തെ കുറച്ച് ദൂരം സാമാന്യം കുത്തനെയുള്ള കയറ്റങ്ങളാണ്. ഇടക്ക് കുറച്ച് പാറക്കല്ലുകൾ ഉണ്ട്. അതിൽ ഇരുന്ന് വിശ്രമിച്ച് മുന്നോട്ട് നീങ്ങാം.

പേര് സൂചിപ്പിക്കുന്ന പോലെ നല്ല കാറ്റ് ലഭിക്കുന്ന ഒരു സ്ഥലമാണ് കാറ്റാടിക്കടവ്. ചില സമയത്ത് 30 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് ലഭിക്കും. മുകളിലെ ഒന്നാമത്തെ വ്യൂ പോയൻറ്റിൽ എത്തുമ്പോൾ നല്ല കാഴ്ചയാണ്. 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ഇവിടെ ലഭിക്കും. തെളിഞ്ഞ അന്തരീക്ഷം ആണ് എങ്കിൽ ഇടുക്കി ജില്ലയിലെ ഒരുപാട് സ്ഥലങ്ങൾ ഇവിടെ നിന്നാൽ കാണാം. വണ്ണപ്പുറം , തൊടുപുഴ നഗരങ്ങൾ ഏകദേശം മുഴുവനായി കാണാം. 

സൂര്യോദയവും അസ്തമയവും ഒരുപോലെ ആസ്വദിക്കാവുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്. വൈകുന്നേരങ്ങളിൽ അല്പം ഇരുട്ട് വീണ് തുടങ്ങിയാൽ നെടുമ്പാശേരി വിമാനത്താവളത്തിലെ ലൈറ്റുകൾ ഇവിടെയിരുന്ന് കാണാം. ഒപ്പം മീനുളിയൻപാറ വിനോദ സഞ്ചാര കേന്ദ്രവും ഇവിടെയിരുന്ന് കാണാം.


ഇടുക്കിയിലെ മനുഷ്യവാസത്തിന്റെ ചിത്രങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് കാറ്റാടികടവിലെ മുനിയറകൾ.സജീവമായിരുന്ന ആദിമനുഷ്യരുടെ ജീവിതം കാണുവാൻ മാമുനിയറ എന്ന് അറിയപ്പെടുന്ന മുനിയറ സന്ദര്ശിക്കുന്നവരും കുറവല്ല.കാറ്റാടികടവിലേക്കുള്ള വഴിയോരത്തു സ്ഥിതി ചെയ്യുന്ന മാമുനിയറയിൽ കല്ലുകൊണ്ടു നിര്മിക്കപ്പെട്ടിട്ടുള്ള ഇരിപ്പിടങ്ങളുടെ രൂപവും കിടക്കുവാനുള്ള സൗകര്യങ്ങളും കാണുവാൻ കഴിയും.

തൊട്ട് മുൻപിൽ കാണുന്ന മലയുടെ മുകളിലാണ് രണ്ടാം വ്യൂ പോയിന്റ്. കാണുമ്പോൾ പ്രയാസമാണ് എന്ന് തോന്നുമെങ്കിലും അത്ര പ്രയാസം കൂടാതെ മുകളിൽ എത്താം. വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ നടന്ന് മുകളിൽ എത്തുമ്പോൾ ചുറ്റും മലനിരകൾ മാത്രം. ഏറ്റവും മുകളിൽ നമ്മളും. മോടി കൂട്ടാൻ ഉയർന്ന് നിൽക്കുന്ന പുല്ലുകളും. അതൊരു അനുഭവം തന്നെയാണ്.  നടന്ന് ക്ഷീണിച്ച് വരുമ്പോൾ ലഭിക്കുന്ന കാറ്റിന്റെ സുഖം ഒന്ന് വേറെ ആണല്ലോ.