പാലക്കാട് ജില്ലയിലെ കുരുത്തിച്ചാൽ എന്ന പ്രദേശം പ്രശസ്തമാകുന്നത് കുന്തിപ്പുഴയുടെ സാന്നിധ്യത്തോടെയാണ്.സൈലന്റ് വാലിയുടെ നിബിഡ വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന കുന്തിപ്പുഴ ആദ്യമായി മനുഷ്യസ്പർശം ഏൽക്കുന്നത് കുരുത്തിച്ചാലിൽ വെച്ചാണ്.

മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാംമ്പാടത്താണ് കുരുത്തിചാല്‍ വെള്ളച്ചാട്ടം. സൈലന്റ് മലനിരകളുടെ പാത്രക്കടവു ഭാഗത്തുനിന്നാണ് കുന്തിപ്പുഴ ഉത്ഭവിക്കുന്നത്. ഇവിടെനിന്നും നൂറോളം കിലോമീറ്റര്‍ ഒഴുകി കുരുത്തിചാലില്‍ എത്തുന്ന വെള്ളത്തിന് കടുത്ത തണുപ്പാണ്.

സൈലന്റ് വാലിയുടെ വനങ്ങളിലെ വേരുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലം ആയതിനാൽ ഔഷധ ഗുണം ഏറെയുള്ള ജലമാണിത് എന്ന് പ്രദേശവാസികൾ പറയുന്നു.പ്രദേശവാസികളിൽ ഏറെയും തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവരാണ്.

മൺസൂൺ സമയങ്ങളിൽ ശക്തമായ മഴ ലഭിക്കുന്ന ഇടങ്ങളാണ് സൈലന്റ് വാലി വനങ്ങൾ.അത്‌ കൊണ്ടു തന്നെ മൺസൂൺ സമയങ്ങളിൽ കുന്തിപ്പുഴയിലും കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലും നല്ല ഒഴുക്കായിരിക്കും.കുറെ ദൂരങ്ങൾ ഒഴുകി എത്തിയതിനാലാകാം പാറക്കൂട്ടങ്ങൾക്ക് നല്ല ഉരുണ്ട ആകൃതിയാണ്.ചെറിയ ഉരുളൻകല്ലുകളും പുഴയിലുണ്ട്.


നിറയെ ഐതിഹ്യങ്ങൾ നിറഞ്ഞ കുന്തിപ്പുഴയിൽ  ഏറ്റവും ശുദ്ധമായ വെള്ളം ലഭിക്കുന്ന പ്രദേശം കൂടി ആണ് ഈ ഭാഗം. ബഫർസോൺ മേഖലയിൽ  സ്ഥിതിചെയ്യുന്നു എന്നതിനാൽ തന്നെ വികസന പദ്ധതികൾ  ഒന്നും തന്നെ നടന്നിട്ടില്ല. ആയതിനാൽ തന്നെ പ്രകൃതിയുടെ  തനിമ  ആസ്വദിക്കാൻ സാധിക്കുന്നതാണ്.

സൈലന്റ്‌വാലിയോട് ചേര്‍ന്നുള്ള മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നീരുറവ മലയിലുണ്ടാവുന്ന പെട്ടെന്നുള്ള മഴയില്‍ ശക്തമായ ഒഴുക്കുണ്ടാവുന്നത് പതിവാണ്. ഈ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലാണ് പല സന്ദര്‍ശകരുടെയും അപകടത്തിന് കാരണമാവുന്നു.

ഒരു പക്ഷെ കുന്തിപ്പുഴയുടെ വിശുദ്ധി കൊണ്ടാകാം,ഈ താഴ്വര വിശുദ്ധിയുടെ താഴ്വര (virgin valley) എന്ന് കൂടെ അറിയപ്പെടുന്നു.കുന്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതിയെന്ന പേരില്‍ തുടങ്ങിയ കുരുത്തിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ തിരക്കേറുകയാണ്.സൈരന്ധ്രിയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിച്ചു പാത്രക്കടവും സൈലന്റ് വാലിയും കടന്നു പാറക്കെട്ടുകള്‍ക്കിടയിലുടെ കുതിച്ചു പായുന്ന കുന്തിപ്പുഴ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും ഏകദേശം 6 km ദൂരം സഞ്ചരിച്ചാല്‍ മൈലാംപാടം എത്തും.

മഴക്കാലത്ത്  രൗദ്രഭാവത്തില്‍ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന കുന്തിപ്പുഴ കാഴ്ചകളുടെ വിരുന്നു സമ്മാനിക്കുമെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാറുണ്ട്.

മറ്റു സമയങ്ങളില്‍ സമീപജില്ലകളില്‍ നിന്നു പോലും നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. കുരുത്തിച്ചാലില്‍ നിന്നു കൊണ്ട് നോക്കിയാല്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെയും ദൂരെ നിന്നും പാറക്കെട്ടുകള്‍ക്കിടയിലുടെ നുരച്ചു പതഞ്ഞ് ഒഴുകി വരുന്ന കുന്തിപുഴയുടെയും മനോഹാരിത ആവോളം ആസ്വദിക്കാന്‍ കഴിയും.വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ പെട്ടിട്ടാവണം പാറക്കെട്ടുകള്‍ എല്ലാം ഉരുണ്ടിരിക്കുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത വെള്ളത്തിന്റെ കൊടും തണുപ്പാണ്. വെയിലിനു ചൂട് കൂടുന്ന സമയങ്ങളില്‍ എത്ര സമയം വെള്ളത്തില്‍ കിടന്നാലും മതിവരില്ല. അത് തരുന്ന ഉന്മേഷവും ശീതളിമയും ഒരിക്കല്‍ സന്ദര്‍ശിച്ചവരെ വീണ്ടും വീണ്ടും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

Palakkad- Mannarkkad- MES kalladi college(via) - Mailampadam (Kuruthichal 6 km)

.Malappuram- Perinthalmanna- Aryambavu- MES kalladi clg (via)- Mailampadam (Kuruthichal) 6km.