കോഴിക്കോട് ജില്ലയുടെ മലയോര പഞ്ചായത്തുകളായ കൂടരഞ്ഞിയുടെയും തിരുവമ്പാടിയുടെയും അതിരിലുള്ള മനോഹരമായ ചെറുകിട-വൈദ്യുതോല്പാദന അണക്കെട്ടാണ് ഉറുമി.പൂവാറൻതോട് 👇 എന്ന ഹിൽ സ്റ്റേഷൻ സന്ദർശിക്കുന്നവരുടെ പ്രിയപ്പെട്ട ഇടത്താവളം കൂടെയാണ് ഇവിടം.

മൺസൂൺ കാലത്തിന് ശേഷം,ചെറിയ വെയിലുള്ള കാലാവസ്ഥയിൽ കുളിക്കുവാനും കൂട്ടുകൂടുവാനുമുള്ള ഒട്ടേറെ ചെറു പ്രകൃതി ദത്ത വെള്ളക്കെട്ടുകൾ ഉറുമി ഡാമിനോട് ചേർന്നും പൊയിലിങ്ങാപ്പുഴയിലും ഉണ്ട്.നല്ല ശുദ്ധമായ,തണുത്ത വെള്ളം..മനസ്സും ശരീരവും തണുക്കുക തന്നെ ചെയ്യും.ചെറുതും വലുതും,ആഴം കുറഞ്ഞതും കൂടിയതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും,പരൽമീനുകളും,മറ്റു വർണ മീനുകളും,പക്ഷികളും,ഇരുകരകളിലെ പച്ചപ്പും,തട്ടു തട്ടായി ഒഴുകിയിറങ്ങുന്ന പുഴയും ശാന്തതയും.. 


ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴി ആയ പൊയിലിങ്ങാപ്പുഴയിൽ,കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി എന്ന ഇടത്താണ്,പ്രതിവർഷം 9.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ ഡാം ഉള്ളത്.

മലയുടെ മുകളിലൂടെ ഒഴുകിയെത്തുന്ന പൊയിലിങ്ങാപ്പുഴയുടെ നടുവിൽ ചൈനയുടെ സഹായത്തോടെ അണക്കെട്ടു നിർമിച്ചു കനാലിലൂടെയും പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും വെള്ളം രണ്ടു പവർ ഹൗവ്‌സുകളിലേക്ക് എത്തിച്ചു മൺസൂൺ കാലങ്ങളിൽ വൈദ്യതി ഉത്പാദിപ്പിക്കുകയാണ് ലക്‌ഷ്യം.2004 ജനുവരി 25 ന് ആണ് ഈ പദ്ധതി രാജ്യത്തിനായി സമർപ്പിക്കപ്പെട്ടത്.

പെരുവണ്ണാമൂഴി പോലെയോ,ബാണാസുരസാഗർ പോലെയോ,എന്തിനു പൂക്കോട് തടാകം പോലെയോ വിസ്തൃതമായ ഒന്നല്ല ഉറുമി ഡാം.മൺസൂണിൽ സജീവമാകുന്ന വൈദ്യുതി നിർമാണ കേന്ദ്രമായ ഇവിടം,സ്കൂൾ കുട്ടികളുടെ പഠനയാത്രയുടെ ഭാഗവുമാണ്.വൈദ്യുതി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ അടുത്തുനിന്നു മനസിലാക്കാം എന്നതാണ് അതിന്റെ കാരണം..നിലമ്പൂർ,വയനാട് കാടുകളുടെ ഉള്ളിൽ നിന്നും,പർവത ചെരിവുകളിലേക്ക് കുതിച്ചെത്തുന്ന ജലം മൺസൂൺ യാത്രയ്ക്കായി പൂവാറൻതോട് സന്ദര്ശിക്കുന്നവരുടെ ഓർമയിൽ താങ്ങി നിൽക്കുന്നതാണ്.

വേനൽക്കാലങ്ങളിൽ ആണെങ്കിൽ പോലും മലമുകളിലെ കാടുകളിലെ മഴ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ ഈ പുഴയിൽ ഉണ്ടാകാറുണ്ട് .അപകടങ്ങൾ അതുമൂലം ധാരാളം സംഭവിച്ചിട്ടുമുണ്ട്.അതുകൊണ്ടു തന്നെ പുഴയിൽ ഇറങ്ങുന്നവർ ആവേശത്തിനൊപ്പം ജാഗ്രതയും സൂക്ഷിക്കുക.


രണ്ട് അണക്കെട്ടുകളാണ് ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

ഒന്ന് ഉറുമി എന്ന സ്ഥലത്തും,രണ്ടാമത്തേത് പൂവാറൻതോട് 👇റോഡിൽ ലിസാ വളവിനു സമീപവും.ഉറുമി ഡാം സന്ദർശിക്കാൻ എത്തുന്നവർ,വളരെ പെട്ടെന്ന് സന്ദർശിക്കാൻ കഴിയുന്ന ഉറുമിയിലെ അണക്കെട്ടാണ് സന്ദർശിക്കാറുള്ളത്.എന്നാൽ കൂടുതൽ സുന്ദരം പൂവാറൻതോടിനോട് ചേർന്നുള്ള അണക്കെട്ട് തന്നെയാണ്.സന്ദര്ശകരുടെ എണ്ണം കൂടിയതും,പുഴയിലുണ്ടാകുന്ന അപകടങ്ങൾ കൂടുകയും ചെയ്തതോടെ ഈ  ഭാഗത്തേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ഉറുമി ഡാമിൽ കുളിക്കുവാനായി എത്തുന്ന സഞ്ചാരികൾ ഏറെയും പുഴയിലൂടെ മുകളിലേക്ക് കയറി,പുഴ തന്നെ ഒരുക്കിയിരിക്കുന്ന ചെറു വെള്ളക്കെട്ടുകളിലും വെള്ളച്ചാട്ടങ്ങളിലും കുളിക്കുകയുമാണ് പതിവ്.

തണുത്ത വെള്ളം ശിരസ്സിലേക്ക് പതിക്കുന്ന അനുഭവം,നഗരങ്ങളിലെ ചൂടിൽ നിന്നും തണൽ തേടി എത്തുന്നവരുടെ സ്വർഗ്ഗമായി ,ഉറുമിയെയും പൂവാറൻതോടിനെയും മാറ്റുന്നു.തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കും,പതങ്കയം വെള്ളച്ചാട്ടത്തിലേക്കും ടൂറിസം ഗ്രാമമായ കക്കാടംപൊയിലിലേക്കും വളരെ പെട്ടെന്ന് ഇവിടെ നിന്നും എത്തിച്ചേരും.മൺസൂൺ കാലങ്ങളിൽ പുഴ കൂടുതൽ സജീവമാകുന്നു,കാടുകളിൽ ഉരുൾ പൊട്ടുകയും പുതിയ ഉറവകൾ രൂപപ്പെടുകയും ചെയ്‌യുന്നത്‌ നദിയിലെ നീരൊഴുക്ക് വര്ധിപ്പിക്കുന്നു.


പലപ്പോഴും പുഴയിലേക്കുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയുള്ള യാത്ര അവർ തന്നെ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ട്.പുഴയിൽ ഇരുന്നുള്ള മദ്യപാനം ചോദ്യം ചെയ്യപ്പെടാറുമുണ്ട്,കൈകാര്യം ചെയ്യപ്പെടാറുമുണ്ട്.