മുസ്ലിം വിവാഹ നിയമങ്ങൾ Muslim marriage act

മുസ്ലിം വിവാഹ നിയമങ്ങൾ Muslim marriage act

നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലിം വിവാഹം വിശുദ്ധമായ ഒരു ഉടമ്പടി ആണ്.ഒരു സിവിൽ കരാറിന്റെ രീതിയാണ് മുസ്ലിം വിവാഹത്തിന് ഉള്ളത്.സ്ത്രീ-പുരുഷ ബന്ധത്തിന് നിയമ സാധുത നൽകുന്നതിനും കുട്ടികൾക്ക് നിയമപ്രകാരമുള്ള അധികാരം നൽകുന്നതിനും

muslim marriage
ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നാണ് മുസ്ലിം വിവാഹം.

മുസ്ലിം വിവാഹ നിബന്ധനകൾ Terms of Muslim marriage

വിവാഹം കഴിക്കുവാനുള്ള പ്രാപ്തി,വാഗ്ദാനവും -സ്വീകരിക്കലും,മഹർ എന്നിവയാണ് നിയമ സാധുതയുള്ള മുസ്ലിം വിവാഹത്തിന് നിര്ബന്ധമായ ഘടകങ്ങൾ.

വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ സ്വതന്ത്രമായ സമ്മതം നൽകൽ നിര്ബന്ധമാണ്.അത് നൽകുവാൻ കഴിയാത്തവിധം മാനസിക അസ്വാസ്ഥ്യം ഉള്ളവർക്ക് വിവാഹ കരാറിൽ ഏർപ്പെടുവാൻ കഴിയില്ല.

പ്രായപൂർത്തി എത്തിയവർക്ക് (15)വിവാഹ ബന്ധത്തിൽ ഏർപ്പെടാം.എന്നാൽ 1978 ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ചു ഇപ്പോൾ ഇന്ത്യയിൽ പുരുഷന്റെ വിവാഹ പ്രായം 21 വയസ്സും സ്ത്രീയുടേത് 18 വയസ്സുമാണ് അതല്ലാതെയുള്ള വിവാഹം ശിക്ഷാർഹമാണ്.

സാക്ഷികളുടെ മുന്നിൽ വെച്ച് വിവാഹത്തിനുള്ള നിർദേശം (വാഗ്ദാനം)നടത്തുകയും ആ നിർദ്ദേശം മറുഭാഗം സ്വീകരിക്കുകയും വേണം.

ഒരുമിച്ചിരുന്നു,ഒരേ സ്ഥലത്തു,ഒരേ യോഗത്തിൽ വിളിച്ചു പറഞ്ഞു നിക്കാഹ് അനുഷ്ടാനം നടത്തേണ്ടത് നിര്ബന്ധമാണ്.

വിവാഹത്തിന് ആവശ്യമായ തുകയാണ് മഹർ.പുരുഷൻ സ്ത്രീക്ക് നൽകേണ്ടതായി നിശ്ചയിക്കുന്ന തുക.വിവാഹ സമയം അത് മുഴുവൻ നൽകുകയോ,ഭാഗികമായി നൽകുകയോ ആകാം.ഭാഗികമായി നൽകുമ്പോൾ ബാക്കി തുക സ്ത്രീയുടെ അവകാശമായി എന്നും നിലനിൽക്കും.

നിക്കാഹിനു പ്രായപൂർത്തി ആയതും സ്ഥിരബുദ്ധിയുമുള്ള പുരുഷന്മാരായ രണ്ടു സാക്ഷികൾ നിര്ബന്ധമാണ്.

മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം ലഭിക്കുവാൻ വേണ്ട കാരണങ്ങൾ Reasons why a Muslim woman should get a divorce

 1. ഭർത്താവിനെ ക്രിമിനൽ കോടതി ഏഴോ അതിലധികമോ വര്ഷത്തേക്കോ ജയില്വാസത്തിനു ശിക്ഷിച്ചിട്ടുണ്ടാകുക.
 2. ന്യായമായ കാരണങ്ങൾ ഇല്ലാതെ ഭർത്താവു 3 വർഷമോ അതിൽ കൂടുതലോ കാലം ഭാര്യയുമായി ദാമ്പത്യബന്ധം പുലർത്തുവാൻ വിസമ്മതിക്കുകയോ ദാമ്പത്യ ജീവിതത്തിലെ തന്റെ കടമകൾ നിറവേറ്റുന്നതിൽ പരാചയപ്പെടുകയോ ചെയ്യുക.
 3. നാല് വര്ഷങ്ങളായി ഭർത്താവിനെ പറ്റി യാതൊരു വിവരവും ഇല്ലാതിരിക്കുക.
 4. വിവാഹസമയത്തും അതിനു ശേഷവും തുടർച്ചയായും ഭർത്താവിന് ഷണ്ഡത്വം ഉണ്ടായിരിക്കുക.
 5. രണ്ടു വർഷക്കാലമായി ഭർത്താവിൽ നിന്നും ചിലവിനു ലഭിക്കാതിരിക്കുക 
 6. രണ്ടു വർഷക്കാലമായി ഭർത്താവിന് മാനസിക അസ്വാസ്ഥ്യമോ കുഷ്ഠമോ,തീവ്രമായ ലൈംഗിക രോഗമോ ഉണ്ടായിരിക്കുക.
 7. പെൺകുട്ടിക്ക് 15 വയസ്സ് തികയുന്നതിനു മുൻപ് രക്ഷിതാക്കൾ അവളുടെ വിവാഹം നടത്തിയിട്ടുണ്ട് എങ്കിൽ 18 വയസ്സ് തികയുന്നതിനു മുൻപായി ആ വിവാഹം തിരസ്കരിക്കാനുള്ള അവളുടെ അവകാശം (option of puberty) ഉപയോഗപ്പെടുത്താം.
 8. കുടുംബ ജീവിതത്തിൽ ഭർത്താവു ക്രൂരമായി പെരുമാറുക.താഴെ സൂചിപ്പിക്കുന്ന ഭർത്താവിന്റെ പ്രവൃത്തികൾ ക്രൂരതയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്;

 • ഭർത്താവ് നിത്യവും ദേഹോപദ്രവം ചെയ്യുന്നതിനാൽ സഹവാസം ദുരിതപൂര്ണമാകുക 
 • ഭർത്താവു അപയശസ്സുള്ള സ്ത്രീകളുമായി ഇടപഴകുന്നത് മൂലം ദുഷ് കീർത്തിയുള്ള ജീവിതം നയിക്കുക.
 • അസാന്മാർഗിക ജീവിതം നയിക്കുന്നതിനായി ഭാര്യയെ പ്രേരിപ്പിക്കുക.
 • ഭാര്യയുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തുന്നതും സ്വത്തുക്കളിൽ അവർക്കുള്ള അവകാശങ്ങൾ കൈകാര്യം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതും
 • ഭാര്യയുടെ മത വിശ്വസത്തിനും ആചാര അനുഷ്ടാനങ്ങൾക്കും ഭർത്താവു തടസ്സം നിൽക്കുന്നത് 
 • ഒന്നിലധികം ഭാര്യമാരുള്ള മുസ്ലിം പുരുഷൻ ഏതെങ്കിലും ഒരു ഭാര്യയെ പരിഗണിക്കുന്നതിൽ വിവേചനം കാണിക്കുകയും തുല്യ പരിപാലനം നിഷേധിക്കുകയും ,ധാർമിക നീതിക്കനുസരിച് പരിപാലിക്കാതിരിക്കുകയും ചെയ്യുന്നത്. 

മേല്പറഞ്ഞ കാര്യങ്ങൾ ബോധിപ്പിച്ചു ഒരു മുസ്ലിം സ്ത്രീക്ക് കോടതി മുഖേന വിവാഹമോചനം തേടാവുന്നതാണ്.

മുസ്ലിം വിവാഹ മോചിതരുടെ അവകാശ സംരക്ഷണ നിയമം Muslim Divorce Rights Protection Act

1986 ലെ വിവാഹ മുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമപ്രകാരം ഇദ്ദ ആചരിക്കുന്ന കാലത്തു ന്യായയുക്തമായ രീതിയിൽ ചെലവ് ലഭിക്കുന്നതിന് വിവാഹ മോചിതരായ സ്ത്രീകൾക്ക് അവകാശമുണ്ട്.ഗര്ഭാവസ്ഥയിലാണ് തലാക്ക് ചൊല്ലിയത് എങ്കിൽ കുട്ടിയുടെ ജനനം മുതൽ രണ്ടു വർഷത്തേക്ക് സംരക്ഷണ ചെലവ് നൽകണം.മഹറിന്റെ ഓഹരി നല്കുവാനുണ്ട് എങ്കിൽ അവ നൽകണം.

വിവാഹ സമയത്തും അതിനു ശേഷവും അവർക്ക് ലഭിച്ചിക്കോട്ടുള്ള സ്വത്തുക്കൾക്കും,സമ്മാനങ്ങൾക്കും അർഹതയുണ്ട്.ഇവ കൂടാതെ മറ്റൊരു വിവാഹം വരെയോ,മരണം വരെയോ ജീവിക്കേണ്ടതിനു ജീവനാംശം കണക്കാക്കി നൽകണം.

മറ്റൊരു വിവാഹം ചെയ്യാതെ കഴിയുന്ന വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് സ്വന്തമായി ചെലവ് കഴിയുന്നതിനു മാർഗം ഇല്ലെങ്കിൽ സംരക്ഷണത്തിനായി ബന്ധുക്കളെ സമീപിക്കാനും അതുമല്ലെങ്കിൽ വഖഫ് ബോർഡിനെ സമീപിക്കുവാനും അവകാശമുണ്ട്.

കടപ്പാട് ;കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി