ഭാരതത്തിൽ മൊത്തമുള്ള പോസ്റ്റ് ഓഫീസുകളെ തിരിച്ചറിയുവാനും തരംതിരിക്കുവാനും ഇന്ത്യൻ പോസ്റ്റൽ സർ‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ്കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻ‌കോഡ് (PIN). സാധാരണയായി ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. രാജ്യത്താകമാനം 1,54,500 പിൻകോഡുകൾ നിലവിലുണ്ട്. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്. 

സ്വന്തമായി പിൻകോഡുള്ള രണ്ട് പേർ ശബരിമല അയ്യപ്പനും ഇന്ത്യൻ പ്രസിഡന്റുമാണ്. . രാഷ്ട്രപതിയുടെ പിൻകോഡായ 110004 രാഷ്ട്രപതി ഭവൻ പോസ്റ്റൽ സബ് ഓഫീസിന്റേതാണ്. ശബരിമല സന്നിധാനത്തിന്റെ തപാൽ പിൻകോഡ് ആണ് 689713.
ഇതിൽ ശബരിമലയിലെ കാര്യമെടുത്താൽ വർഷത്തിൽ കേവലം രണ്ടരമാസം മാത്രമാണ് അയ്യപ്പന്റെ തപാൽ ഓഫീസും പിൻകോഡും സജീവമായിരിക്കുന്നത്. അതായത് മണ്ഡല – മകരവിളക്ക് സീസണിൽ 66 ദിവസവും വിഷുവിന് 10 ദിവസവും ചേർത്ത് 76 ദിവസം. അത് കഴിയുന്നതോടെ പ്രസ്തുത പിൻകോഡ് നിർജീവമാണ്.

മറ്റു പ്രത്യേകതകൾ എന്തൊക്കെയെന്നാൽ പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്രയാണിവിടെ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ  തപാൽ വകുപ്പിന് കീഴിൽ വേറിട്ട മുദ്ര ഉപയോഗിക്കുന്നത് ഇവിടെ മാത്രമാണ്. ഉൽസവകാലം കഴിഞ്ഞാൽ പിന്നീട് അടുത്ത മണ്ഡല മകരവിളക്ക് കാലം വരെ ഈ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിൽ സൂക്ഷിക്കും. 


ഇവിടെ ലഭിക്കുന്ന അനേകം കത്തുകളിൽ പലതും കൗതുകമുള്ളതാണ്. പ്രണയസാഫല്യത്തിനും ഉദ്ദിഷ്ടകാര്യലബ്ധിക്കും, മറ്റ് പരാതികൾ മുതലായ സ്വകാര്യങ്ങളും പലരും കത്തിലൂടെ അയ്യപ്പനെ അറിയിക്കാറുണ്ട്. നിരവധി നിവേദനങ്ങൾ ഇത്തരത്തിൽ ഭക്തർ അയ്യപ്പന് എഴുതുന്നു. ഗൃഹപ്രവേശനം, വിവാഹം തുടങ്ങി വീട്ടിലെ വിശേഷങ്ങളുടെ ആദ്യ ക്ഷണക്കത്തുകൾ ഭക്തർ ഇവിടേക്ക് അയക്കാറുണ്ട്. കൂടുതലും തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയയിടങ്ങളിൽ നിന്നുമാണ് ഇവിടേക്ക് കത്തുകളും മണിയോർഡറുകളും എത്തുന്നത്. 
ഇത്തരത്തിൽ ലഭിക്കുന്ന കത്തുകൾ നടയ്ക്ക് വച്ചശേഷം ക്ഷേത്രം എക്സി: ഓഫീസർ കൈപ്പറ്റും. മണിയോർഡറുകൾ കൈപ്പറ്റുന്നതും ഈ രീതിയിൽ തന്നെ. എന്നാൽ സീസൺ കഴിഞ്ഞാൽ ലഭിക്കുന്ന കത്തുകൾ വടശ്ശേരിക്കര എന്ന സ്ഥലത്തെ പോസ്റ്റോഫീസിലാണ് എത്തുന്നത്. അവിടെനിന്നും പമ്പയിൽ എത്തിച്ചശേഷം സന്നിധാനത്ത് എത്തിക്കും. 

വീട്ടിലെത്തുമ്പോൾ അയ്യപ്പ മുദ്ര പതിച്ച കത്തുകിട്ടുന്നത് കൗതുകവും പുണ്യവുമായി കാണുന്ന നിരവധി ഭക്തർ ഇവിടെ നിന്നും സ്വന്തം അഡ്രസിലേക്ക് കത്തുകളയക്കുന്ന പതിവുമുണ്ട്. 
1984 ൽ പ്രവർത്തനം ആരംഭിച്ച ഇവിടം ഇന്ത്യയിൽ വർഷം മുഴുവൻ പ്രവർത്തിക്കാത്ത ഏക പോസ്റ്റ് ഓഫീസ് കൂടെയാണ്.

ചിത്രങ്ങൾക്ക് കടപ്പാട്